World Students’ Day

പ്രിയ വിദ്യാർത്ഥികളെ ,

ഇന്ന് ലോക വിദ്യാർഥി ദിനമാണ് ഒക്ടോബർ 15.

ഇന്ത്യയുടെ മുൻ പ്രസിഡന്റ് എപിജെ അബ്ദുൾ കലാമിന്റെ ജന്മദിനമാണ് ലോക വിദ്യാർഥി ദിനമായി ആചരിക്കുന്നത്. കലാമിന്റെ മരണ ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ ജന്മദിനമായ
ഒക്ടോബര്‍ 15
ഐക്യരാഷ്ട്രസഭ ലോക വിദ്യാര്‍ത്ഥി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.

കുട്ടികളോടുളള അദ്ദേഹത്തിന്റെ സ്നേഹവും വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുളള അദ്ദേഹത്തിന്റെ ശ്രമങ്ങളും ഈ ദിനത്തിൽ എടുത്തു പറയേണ്ടതാണ്.

പ്രശസ്ത ശാസ്ത്രജ്ഞനായ കലാം തന്റെ മിസൈൽ പ്രതിരോധ പ്രോഗ്രാമുകളിലൂടെ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ അഭിമാനമുയർത്തി. പക്ഷേ അപ്പോഴും അദ്ദേഹത്തിന്റെ
ഇഷ്ട തൊഴിൽ അധ്യാപനമായിരുന്നു. ലോകം അതിലൂടെ തന്നെ ഓർക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്.
കുട്ടികളോട് സംവദിക്കാനായിരുന്നു ഡോ. കലാമിന് എന്നും ഏറെ ഇഷ്ടം.

ഉണർന്നിരിക്കുമ്പോഴും സ്വപ്നം കാണാൻ അവരോട് അദ്ദേഹം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. കൂടുതൽ ഉയരങ്ങളിലേക്ക്,
വലിയ ലക്ഷ്യങ്ങളിലേക്ക് പറന്നുയരാൻ അദ്ദേഹം അവർക്ക് ചിറകുകൾ നല്കി.

സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ഒരദ്ധ്യാപകന്റെ കടമ ആഹ്ലാദത്തോടെ അദ്ദേഹം നിറവേറ്റി. മദ്യവും മയക്കുമരുന്നും സങ്കുചിത ചിന്തകളും യുവതലമുറയെ അരാജകത്വത്തിലേക്ക് നയിക്കുന്ന കാഴ്ച സമകാലിക ലോകത്ത് കൂടുതൽ പ്രകടമാവുമ്പോൾ
ഡോ. അബ്ദുൾ കലാം പകർന്നു നല്കിയ ദിശാബോധം എത്ര മഹത്തരമാണെന്ന് നമ്മൾ തിരിച്ചറിയണം.

ആധുനിക ലോകത്തിന്റെ സൃഷ്ടിയിൽ പുതുതലമുറക്ക് ഒരുപാട് സംഭാവനകൾ നല്കാനുണ്ടെന്ന് തിരിച്ചറിഞ്ഞ ഉത്തമനായ അദ്ധ്യാപകനായിരുന്ന ഡോ. അബ്ദുൾ കലാമിനെ വിദ്യാർത്ഥികൾ കൂടുതൽ കേൾക്കുകയും വായിക്കുകയും വേണം. അദ്ദേഹം ആഗ്രഹിച്ചതുപോലെ ഐശ്വര്യസമൃദ്ധവും സുരക്ഷിതവുമായ ഇന്ത്യയെ വരും തലമുറകൾക്ക് നല്കാൻ നിതാന്ത ശ്രദ്ധയും ജാഗ്രതയും പുലർത്തുമെന്ന് ലോക വിദ്യാർത്ഥി ദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം
എന്ന്,
നിങ്ങളുടെ
നൻമ മാഷ്.
സരസ്വതി കോളേജ്,
കരുവന്നൂർ, തായംകുളങ്ങര,
ചേർപ്പ്.